Source: 
Reporter live
https://www.reporterlive.com/national/aimim-and-sdpi-contest-only-in-few-seats-in-karnataka-assembly-election-2023-110873?infinitescroll=1
Author: 
Date: 
25.03.2023
City: 
Bengaluru

13% ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടുകൾ ഭിന്നിക്കുമെന്നതായിരുന്നു കോൺഗ്രസിന്റെ ആശങ്ക

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അസദുദ്ദീൻ ഒവെെസിയുടെ എഐഎംഐഎം, പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയും ശക്തമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാത്തതിനാൽ കോൺഗ്രസിന് ആശ്വാസം. തിരഞ്ഞെടുപ്പിലെ ഇക്കൂട്ടരുടെ ശക്തമായ സാന്നിദ്ധ്യം 13% ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടുകൾ ഭിന്നിക്കുമെന്നതായിരുന്നു കോൺഗ്രസിന്റെ ആശങ്ക. ഇതോടെ സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും ജനതാദളും (എസ്) തമ്മിലുള്ള പോരാട്ടത്തിനാണ് വഴിവെക്കുന്നത്.

100 സീറ്റുകളിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി നേരത്തെ എസ്ഡിപിഐ രംഗത്തെത്തിയിരുന്നു. എന്നാൽ കേവലം 16 സീറ്റിലേക്കാണ് അവർ സ്ഥാനാർത്ഥികളെ ചുരുക്കിയത്. ഒപ്പം എഐഎംഐഎം രണ്ട് സീറ്റിലേക്ക് മത്സരം ചുരുക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലാണ് എസ്ഡിപിഐ മത്സരിച്ചത്. മൂന്ന് മണ്ഡലങ്ങളിലുമായി പാർട്ടി നേടിയത് 45,781 വോട്ടുകളാണ്. കർണാടകത്തിലെ തീരപ്രദേശങ്ങളിലുള്ള മുസ്ലീങ്ങൾക്കിടയിലാണ് എസ്ഡിപിഐയുടെ സ്വാധീനം. ഈ മേഖലയിൽ ബിജെപിക്കാണ് കരുത്ത്. എസ്ഡിപിഐ മത്സരം ശക്തമാക്കിയിരുന്നെങ്കിൽ ഇവിടെ മുസ്ലീം വോട്ടുകൾ ഭിന്നിക്കുന്നത് സ്വാഭാവികമായും ദുർബലപ്പെടുത്തുക കോൺഗ്രസിനെ ആയേനെ.

അസസുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഇക്കുറി 60 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒടുവിൽ രണ്ട് സീറ്റുകളിലേക്ക് ഒതുക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏതാനും സീറ്റുകളിൽ എഐഎംഐഎം വിജയിച്ചെങ്കിലും കാര്യമായ സ്വാധീനം ആ പാർട്ടിക്ക് കർണാടകത്തിൽ ഇല്ല. എന്നാൽ മുസ്ലീം വോട്ട് ഭിന്നിപ്പിക്കാൻ കഴിയും എന്നതായിരുന്നു ഭീഷണി.

മുൻ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജി ജനാർദ്ദന റെഡ്ഡിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷ പാർട്ടി 49 സീറ്റിലാണ് മൽസരിക്കുന്നത്. ആംആദ്മി പാർട്ടി ഇക്കുറി 213 സ്ഥാനാർഥികളെ കളത്തിലിറക്കിയിട്ടുണ്ട്. ബിഎസ്പി ഇത്തവണ 137 സീറ്റിൽ മത്സരിക്കുന്നു. കന്നഡ അനൂകൂല കക്ഷിയായ കർണാടക രാഷ്ട്ര സമിതി 200 സീറ്റിൽ രംഗത്തുണ്ട്. സിപിഐ 7, സിപിഎം 4, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (എസ്‌യുസിഐ) 24 സീറ്റികളിലും പോരാടും.

© Association for Democratic Reforms
Privacy And Terms Of Use
Donation Payment Method