Source: 
Twenty Four News
https://www.twentyfournews.com/2022/08/04/1-29-crore-votes-have-been-cast-for-nota-in-last-5-years.html
Author: 
24 Web Desk
Date: 
04.08.2022
City: 

രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന പൊതു തെരഞ്ഞെടുപ്പുകളിൽ 1.29 കോടി വോട്ടർമാർ ‘നോട്ട’ ഉപയോഗിച്ചതായി കണക്കുകൾ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും, നാഷണൽ ഇലക്ഷൻ വാച്ചുമാണ് (ന്യൂ) ഇക്കാര്യം അറിയിച്ചത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ലഭിച്ച നോട്ട വോട്ടുകൾ ഇരു സ്ഥാപനങ്ങളും വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ശരാശരി 64,53,652 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പുകളിലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. ബിഹാറിലെ ​ഗോപാൽ​ഗഞ്ച് മണ്ഡലത്തിൽ നിന്ന് മാത്രം നോട്ടയ്ക്ക് കുത്തിയത് 51,660 പേരാണ്. ഏറ്റവും കുറവ് വോട്ട് ലക്ഷദ്വീപിൽ നിന്നാണ്. നൂറ് വോട്ടർമാരാണ് മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാതെ നോട്ട തെരഞ്ഞെടുത്തത്.

2020ൽ നടന്ന ബിഹാർ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 1.46 ശതമാനം (7,49,360) പേർ നോട്ട ഉപയോഗിച്ചു. ഇതിൽ 7,06,252 വോട്ടുകൾ ബിഹാറിൽ പോൾ ചെയ്തപ്പോൾ ഡൽഹിയിൽ 43,108 വോട്ടുകൾ മാത്രമാണ് പോൾ ചെയ്തത്. 2022ലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 0.70 ശതമാനം പേർ നോട്ട ഉപയോഗിച്ചു(8,15,430 വോട്ടുകൾ). ഗോവയിൽ 10,629, മണിപ്പൂരിൽ 10,349, പഞ്ചാബിൽ 1,10,308, ഉത്തർപ്രദേശിൽ 6,37,304, ഉത്തരാഖണ്ഡിൽ 46,840 എന്നിങ്ങനെയാണ് വോട്ടുകൾ.

2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലാണ് നോട്ട ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. ഈ തെരഞ്ഞെടുപ്പിൽ 7,42,134 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2018-ൽ മിസോറാം നിയമസഭയിൽ 2917 ആയിരുന്നു നോട്ടയുടെ ഏറ്റവും കുറഞ്ഞ എണ്ണം. അതേസമയം 2018ൽ ഏറ്റവും കൂടുതൽ നോട്ട ഉപയോഗിച്ചത് ഛത്തീസ്ഗഢിലാണ്(1.98 ശതമാനം). മണ്ഡലത്തിന്റെ അടിസ്ഥാനത്തിൽ, മഹാരാഷ്ട്രയിലെ ലാത്തൂർ റൂറൽ സീറ്റിലാണ് ഏറ്റവും കൂടുതൽ 27,500 നോട്ട വോട്ടുകൾ ലഭിച്ചത്, അരുണാചലിലെ ടാലി സീറ്റിൽ ഏറ്റവും കുറവ് 9 ​​നോട്ട വോട്ടുകൾ ലഭിച്ചു.

© Association for Democratic Reforms
Privacy And Terms Of Use
Donation Payment Method