ന്യൂഡൽഹി: ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന 953 സ്ഥാനാർത്ഥികളിൽ 10 ശതമാനത്തോളം പേർക്കെതിരെ ക്രിമിനൽ കേസുകളും 56 പേർക്ക് എതിരെ ഗുരുതരമായ കേസുകളും ഉണ്ടെന്ന് റിപ്പോർട്ട്.
ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന 958 സ്ഥാനാർത്ഥികളിൽ 953 പേരുടെ സ്വയം സത്യവാങ്മൂലം ഛത്തീസ്ഗഢ് ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ( എ ഡി ആർ) വിശകലനം ചെയ്തു.
രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. നവംബർ ഏഴിന് ആദ്യഘട്ടത്തിൽ 20 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്, വിശകലനം ചെയ്ത 953 സ്ഥാനാർത്ഥികളിൽ 100 (10ശതമാനം) സ്ഥാനാർത്ഥികൾ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്നും 56 പേർ അതായത് 953 സ്ഥാനാർത്ഥികളിൽ ആറ് ശതമാനം തങ്ങൾക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകൾ ഉണ്ടെന്നും വ്യക്തമാക്കി.
പ്രമുഖ പാർട്ടികളിൽ ക്രിമിനൽ കേസുകളുള്ള ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത് ഭരണകക്ഷിയായ കോൺഗ്രസ് ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിൽ നിന്നുള്ള 70 സ്ഥാനാർത്ഥികളിൽ 13 ( 19 ശതമാനം) പേർക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ട്. 12 (17ശതമാനം) ആണ് ബി ജെ പിയിൽ .
ജനതാ കോൺഗ്രസ് ഛത്തീസ്ഗഢിൽ (ജെ) നിന്ന് വിശകലനം ചെയ്ത 62 സ്ഥാനാർത്ഥികളിൽ 11 (18 ശതമാനം) പേരും എ എ പിയിൽ 44 സ്ഥാനാർത്ഥികളിൽ 12 (27 ശതമാനം) പേരും തങ്ങളുടെ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസിൽ നിന്നുള്ള 70 സ്ഥാനാർത്ഥികളിൽ ഏഴ് (10 ശതമാനം) ബി ജെ പിയിൽ നിന്നുള്ള 70 സ്ഥാനാർത്ഥികളിൽ നാല് ( ആറ് ശതമാനം) , ജനതാ കോൺഗ്രസ് ഛത്തീസ്ഗഢ് (ജെ) നിന്ന് വിശകലനം ചെയ്ത 62 സ്ഥാനാർത്ഥികളിൽ നാല് ( ആറ് ശതമാനം) എന്നിങ്ങനെയാണ് വിശകലനം ചെയ്ത വിവരം.
എ എ പിയിൽ നിന്ന് വിശകലനം ചെയ്ത 44 സ്ഥാനാർത്ഥികളിൽ ( 14 ശതമാനം ) പേർ തങ്ങളുടെ സത്യവാങ്മൂലത്തിൽ തങ്ങൾക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 70 മണ്ഡലങ്ങളിൽ 16 (23 ശതമാനം) റെഡ് അലേർട്ട് മണ്ഡലങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.