Skip to main content
Source
Twenty four News
https://www.twentyfournews.com/2023/09/05/parties-declare-assets-worth-rs-8829-crore.html
Author
24 Web Desk
Date

2021 മുതല്‍ 2022 വരെയുള്ള ദേശീയ പാര്‍ട്ടികളുടെ ആസ്തിവിവരങ്ങള്‍ പുറത്ത്. 2020-21ല്‍ രാജ്യത്തെ എട്ട് ദേശീയപ്പാര്‍ട്ടികളുടെ ആകെ ആസ്തി 7297 കോടിയായിരുന്നത് 2021-22ല്‍ 8829 കോടിയായി ഉയര്‍ന്നു. ബിജെപിക്കാണ് നേട്ടമുണ്ടായത്. 21 ശതമാനം വര്‍ധനവാണ് ബിജെപിയുടെ ആസ്തിയില്‍ ഉണ്ടായത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.(Parties declare assets worth Rs 8,829 crore).

ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി ബിഎസ്പി, സിപിഐ, സിപിഎം, എഐടിസി, എന്‍പിഇപി എന്നിങ്ങനെ എട്ടു ദേശീയ പാര്‍ട്ടികളുടെ ആസ്തി വിവരങ്ങളാണ് പുറത്തുവിട്ടത്. ബിജെപിയ്ക്ക് 6046 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2020-21 കാലയളവില്‍ 4990 കോടിയായിരുന്നു ബിജെപിയുടെ ആസ്തി.

മറ്റ് ഏഴ് ദേശീയപ്പാര്‍ട്ടികള്‍ക്കെല്ലാംകൂടി ആകെയുള്ളത് 2780 കോടിയാണ്. ആസ്തിയില്‍ രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസിന്റേത് 691 കോടിയില്‍നിന്ന് 16.5 ശതമാനം വര്‍ധിച്ച് 805 കോടിയായി. അതേസമയം ബാധ്യതകള്‍ കൂടുതല്‍ കോണ്‍ഗ്രസിനാണ്. എന്നാല്‍ ആസ്തി കുറഞ്ഞത് ബിഎസ്പിക്ക് മാത്രമാണ്. ബി.എസ്.പി.ക്ക് 732 കോടിയില്‍നിന്ന് 5.74 ശതമാനം കുറഞ്ഞ് 690 കോടിയായി.

സിപിഎമ്മിന്റെ ആസ്തി മേല്‍പ്പറഞ്ഞ കാലയളവില്‍ 654 കോടിയില്‍നിന്ന് 735 കോടിയായി. സിപിഐയുടേത് 14 കോടിയില്‍നിന്ന് 15.7 കോടിയായും ഉയര്‍ന്നു. വര്‍ധന നിരക്ക് ഏറ്റവും കൂടുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ്. ടിഎംസി ആസ്തി ഒരു വര്‍ഷംകൊണ്ട് 182 കോടിയില്‍നിന്ന് 151 ശതമാനം ഉയര്‍ന്ന് 458 കോടിയായി. എന്‍.സി.പി.യുടെ ആസ്തി 31 കോടിയില്‍നിന്ന് 74.5 കോടിയായി ഉയര്‍ന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (ഇന്ത്യ)യുടെ ആസ്തി 1.74 കോടിയില്‍നിന്ന് 1.82 കോടിയായി വര്‍ധിച്ചു. തിരഞ്ഞെടുപ്പുകമ്മിഷന്‍ അഭ്യര്‍ഥിച്ചപ്രകാരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) 2012ല്‍ തയ്യാറാക്കിയ മാര്‍ഗരേഖയനുസരിച്ചാണ് പാര്‍ട്ടികളുടെ ആസ്തി കണക്കാക്കുന്നത്.


abc