ഭോപ്പാല്‍: മധ്യപ്രദേശിലെ 192 സിറ്റിങ് എം.എല്‍.എമാരുടെ ശരാശരി ആസ്തിയില്‍ 50 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2018ലെ 11.9 കോടി രൂപയില്‍ നിന്ന് 2023ല്‍ 17.81 കോടി രൂപയായി ആസ്തി വര്‍ധിച്ചതായാണ് അസോസിയേഷന്‍ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ റിപ്പോര്‍ട്ട്.
എം.എല്‍.എമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
വീണ്ടും മത്സരിക്കുന്ന 192 എം.എല്‍.എമാരില്‍ 180 എം.എല്‍.എമാരുടെ ആസ്തി ഒരു ശതമാനം മുതല്‍ 1982 ശതമാനം വരെ വര്‍ധിച്ചപ്പോള്‍, 12 എം.എല്‍.എമാരുടെ ആസ്തി ഒരു ശതമാനം മുതല്‍ 64 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വതന്ത്രരുള്‍പ്പെടെ വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളാണ് 192 എം.എല്‍.എമാര്‍. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇവരുടെ ആസ്തിയില്‍ 5.90 കോടി രൂപയുടെ വളര്‍ച്ചയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇവരില്‍ ഏറ്റവും കൂടുതല്‍ ആസ്തി വര്‍ധിച്ചത് രത്ലം സിറ്റി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ചേതന്‍ കശ്യപിന്റേതാണ്. 2018ല്‍ 204.63 കോടിയായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 2023ല്‍ 296.08 കോടിയായി വര്‍ധിച്ചു.
തെന്‍ഡുകേദ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ സഞ്ജയ് ശര്‍മയുടെ ആസ്തി അഞ്ച് വര്‍ഷത്തിനിടയില്‍ 130.97 കോടിയില്‍ നിന്ന് 212.52 കോടിയായി വര്‍ധിച്ചു.
വീണ്ടും മത്സരിക്കുന്ന 197 എംഎല്‍എമാരില്‍ 100 പേരും ബിജെപി നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2018 ബി.ജെ.പി എം.എല്‍.എമാരുടെ ശരാശരി ആസ്തി 11.65 കോടി രൂപയായിരുന്നു. എന്നാല്‍ 2023ല്‍ ഇത് 15.75 കോടി രൂപയായി വര്‍ധിച്ചു. അതായത് 35.21 ശതമാനം രൂപയുടെ വര്‍ധന.
കോണ്‍ഗ്രസിന്റെ 88 സിറ്റിങ് എം.എല്‍.എമാരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 12.5 കോടി രൂപയായിരുന്ന ആസ്തി 20.52 കോടി രൂപയായി വര്‍ധിച്ചു. വീണ്ടും മത്സരിക്കുന്ന രണ്ട് ബി.എസ്.പി എം.എല്‍.എമാരുടെ ആസ്തിയും 3.58 കോടി രൂപ വര്‍ധിച്ചു.
മറ്റ് എം.എല്‍.എ മാരുടെയും ആസ്തികളും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 17ന് നടക്കും. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.