Skip to main content
Source
Anweshanam
https://anweshanam.com/488970/income-of-national-parties-in-the-country-is-rs-3077-crore/
Author
Web Desk
Date

ന്യൂഡൽഹി : 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ആറു ദേശീയ പാർട്ടികളുടെ വരുമാനം ഏകദേശം 3,077 കോടി രൂപയെന്നു റിപ്പോർട്ട്. രാജ്യം ഭരിക്കുന്ന ബിജെപിയാണ് 2,361 കോടി രൂപയോടെ ഏറ്റവും ഉയർന്ന വരുമാനം നേടിയ രാഷ്ട്രീയ പാർട്ടി. 2022-23 സാമ്പത്തിക വർഷത്തിൽ ആറു ദേശീയ പാർട്ടികൾ നേടിയ മൊത്തം വരുമാനത്തിന്റെ 76.73 ശതമാനമാണിത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) കണക്കു പുറത്തുവിട്ടത്. 452.375 കോടിയാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ വരുമാനം. ആറു ദേശീയ പാർട്ടികളുടെ മൊത്തം വരുമാനത്തിന്റെ 14.70 ശതമാനമാണിത്. ബിജെപിക്കും കോൺഗ്രസിനും പുറമെ ബഹുജൻ സമാജ് പാർട്ടി, ആം ആദ്മി പാർട്ടി, നാഷനൽ പീപ്പിൾസ് പാർട്ടി, സിപിഎം എന്നീ രാഷ്ട്രീയ കക്ഷികളാണ് തങ്ങളുടെ വരുമാനം പുറത്തുവിട്ടത്.

2021-22 സാമ്പത്തിക വർഷത്തിനും 2022-23നും ഇടയിൽ, ബിജെപിയുടെ വരുമാനം 443.724 കോടി രൂപയാണ് വർധിച്ചത്. 23.15 ശതമാനമാണ് വർധന. നാഷനൽ പീപ്പിൾസ് പാർട്ടിയുടെ വരുമാനം 2021-22 സാമ്പത്തിക വർഷത്തിലെ 47.20 ലക്ഷം രൂപയിൽനിന്നു 7.09 കോടി രൂപ വർധിച്ച് 7.562 കോടി രൂപയായി. അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയുടെ വരുമാനം 2021-22 സാമ്പത്തിക വർഷത്തിലെ 44.539 കോടി രൂപയിൽനിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 40.631 കോടി രൂപ വർധിച്ചാണ് 85.17 കോടി രൂപയായത്.

2021-22 സാമ്പത്തിക വർഷത്തിനും 2022-23 സാമ്പത്തിക വർഷത്തിനും ഇടയിൽ, കോൺഗ്രസ്, സിപിഎം, ബിഎസ്പി എന്നീ പാർട്ടികളുടെ വരുമാനം 88.90 കോടി, 20.575 കോടി, 14.508 കോടി എന്നിങ്ങനെ യഥാക്രമം കുറഞ്ഞു. മൊത്തം വരുമാനത്തിന്റെ 57.68% മാത്രമാണ് ബിജെപി ചെലവഴിച്ചത്. 1361.684 കോടി രൂപയാണ് ബിജെപി ചെലവാക്കിയ തുക. കോൺഗ്രസിന്റെ ആകെ വരുമാനം 452.375 കോടി രൂപയാണെങ്കിലും ചെലവ് 467.135 കോടി രൂപയാണ്. ഇതുകാരണം മൊത്തം വരുമാനത്തെക്കാൾ 3.26% ചെലവ് ഉയർന്നു. എഎപിയുടെ മൊത്തം വരുമാനം 85.17 കോടി രൂപയായിരുന്നു, അതേസമയം, ചെലവ് 102.051 കോടി രൂപയായി ഉയർന്നു. മൊത്തം വരുമാനത്തെക്കാൾ 19.82 ശതമാനമായിരുന്നു എഎപിയുടെ മൊത്തം ചെലവ്.