Source: 
Author: 
Date: 
09.07.2019
City: 

ന്യൂദല്‍ഹി: കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിനിടയില്‍ ബി.ജെ.പിക്ക് കോര്‍പറേറ്റുകളില്‍ നിന്നു സംഭാവനയായി ലഭിച്ചത് 915.59 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അതായത് എല്ലാ ദേശീയപാര്‍ട്ടികള്‍ക്കുമായി ലഭിച്ച സംഭാവനയുടെ 93 ശതമാനമാണിത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.

985.18 കോടി രൂപയാണ് എല്ലാ ദേശീയപാര്‍ട്ടികള്‍ക്കും സംഭാവനയായി വന്നത്. സംഭാവനയുടെ ഉറവിടങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപതിനായിരം രൂപയില്‍ക്കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ വിവരം വെളിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

2016-17, 2017-18 സാമ്പത്തികവര്‍ഷങ്ങളില്‍ ലഭിച്ച സംഭാവനകളുടെ കണക്കാണിത്. അതിനു മുന്‍പ് 2012-13 മുതല്‍ 2015-16 വര്‍ഷങ്ങളില്‍ (നാല് സാമ്പത്തിക വര്‍ഷങ്ങളില്‍) ദേശീയപാര്‍ട്ടിക്കു ലഭിച്ച സംഭാവനയെക്കാള്‍ മൂന്നുശതമാനം കൂടുതലാണിത്.

ബി.ജെ.പി, കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.ഐ, സി.പി.ഐ.എം., തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ഇത്രയും സംഭാവന ലഭിച്ചത്. ദേശീയപാര്‍ട്ടിയാണെങ്കിലും ബി.എസ്.പിയെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇരുപതിനായിരം രൂപയില്‍ക്കൂടുതല്‍ ആരും ഇക്കാലയളവില്‍ തങ്ങള്‍ക്കു സംഭാവന നല്‍കിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയതോടെയാണിത്.

1,731 കോര്‍പറേറ്റുകളുടെ കൈയില്‍ നിന്നാണ് ബി.ജെ.പിക്ക് ഇത്രയും സംഭാവന ലഭിച്ചത്. 151 കോര്‍പറേറ്റുകളുടെ പക്കല്‍ നിന്നും കോണ്‍ഗ്രസിനു ലഭിച്ചത് 55.36 കോടി രൂപ മാത്രമാണ്. ഇരുപതിനായിരം രൂപയില്‍ക്കൂടുതല്‍ ബി.ജെ.പിക്കു സംഭാവന ലഭിച്ചത് 94 ശതമാനം പേരില്‍ നിന്നാണ്. കോണ്‍ഗ്രസിനാകട്ടെ, 81 ശതമാനമാണത്.

എന്‍.സി.പിക്ക് 7.73 കോടിയും, സി.പി.ഐ.എമ്മിന് 4.42 കോടിയും തൃണമൂലിന് 2.03 കോടിയും സി.പി.ഐക്ക് 0.04 കോടിയുമാണു ലഭിച്ചത്.

രണ്ടുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തവണ സംഭാവന നല്‍കിയത് പ്രുഡന്റ്/സത്യ ഇലക്ടറല്‍ ട്രസ്റ്റാണ്. 46 തവണയാണ് ഇവര്‍ സംഭാവന നല്‍കിയത്. അതില്‍ 33 തവണയായി 405.52 കോടി രൂപയാണ് ബി.ജെ.പിക്കു നല്‍കിയത്. 13 തവണയായി 23.90 കോടിയാണ് കോണ്‍ഗ്രിസന് അവര്‍ നല്‍കിയത്. ഇരുപാര്‍ട്ടികള്‍ക്കുമായി ഭദ്രം ജന്‍ഹിത് ശാലിക ട്രസ്റ്റ് 41 കോടി നല്‍കി.

ചെക്ക്/ഡി.ഡി എന്നിവയായാണ് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചത്. അതുവഴി 786.60 കോടിയും ബാങ്ക് ഇടപാട് വഴി 175.76 കോടിയുമാണു ലഭിച്ചത്.

സംസ്ഥാനങ്ങളില്‍ മുന്‍പില്‍ 481.37 കോടിയുമായി ദല്‍ഹിയാണു മുന്നില്‍. മഹാരാഷ്ട്രയില്‍ നിന്നു ലഭിച്ചത് 176.88 കോടിയാണ്. കര്‍ണാടകയില്‍ നിന്ന് 43.184 കോടിയും.

എന്നാല്‍ സംഭാവന നല്‍കിയ 916 പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 76 പേരുടെ പാന്‍ വിവരങ്ങളും നല്‍കിയിട്ടില്ല. ഇത്തരത്തില്‍ വിവരങ്ങള്‍ ലഭ്യമാകാത്തവരില്‍ 98 ശതമാനവും ബി.ജെ.പിക്ക് സംഭാവന നല്‍കിയവരാണ്.

തങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഒരുശതമാനം പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഈ സംഭാവനകള്‍ നല്‍കിയിട്ടുള്ള 347 പേരുമെന്നത് ദുരൂഹമാണ്. ഈ കണ്ടെത്തലോടെ സംഭാവനയില്‍ സുതാര്യത ആവശ്യപ്പെട്ടുകൊണ്ടാണ് എ.ഡി.ആറിന്റെ റിപ്പോര്‍ട്ട്.

© Association for Democratic Reforms
Privacy And Terms Of Use
Donation Payment Method